Kerala
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ബ്രിട്ടീഷ് വനിതയുടെ പണവും പാസ്പോര്‍ട്ടും ഐഫോണും അടങ്ങുന്ന ബാഗ് മോഷണം പോയി. ഇംഗ്ലണ്ടിലെ ബ്രാഡ്ഫോര്‍ഡ് ഓണ്‍ അവനിലെ ലുവാന തെരേസ ഇഡ മറന്നുവച്ച ബാഗ് മിനിറ്റുകള്‍ക്കുള്ളിലാണ് മോഷണം പോയത്.
തമിഴ്നാട്ടില്‍നിന്നു കൊച്ചി സന്ദര്‍ശിക്കാന്‍ സുഹൃത്തിനൊപ്പം ബംഗളൂരു-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് യുവതി എത്തിയത്. എസി കോച്ചിലാണ് യുവതി യാത്ര ചെയ്തത്. വൈകിട്ട് 6.30ന് സൗത്ത് സ്റ്റേഷനില്‍ ഇറങ്ങിയപ്പോഴാണ് ട്രെയ്നില്‍നിന്നു ബാഗ് എടുക്കാന്‍ മറന്നത്.
ഉടന്‍ തിരിച്ചെത്തി കോച്ച് പരിശോധിച്ചെങ്കിലും ബാഗ് മോഷണം പോയിരുന്നു. തുടർന്നു ശുചീകരണ തൊഴിലാളികളോട് അടക്കം യുവതി ബാഗിനെ കുറിച്ച് അന്വേഷിച്ചു. എറണാകുളം റെയില്‍വേ സ്റ്റേഷന് പോലീസ് യുവതി നല്കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: അവിവാഹിതനായ ഒരാൾക്ക് ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ നിയമപരമായി എന്താണ് തെറ്റുള്ളതെന്ന് ഹൈക്കോടതി. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.
രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങളും ഉണ്ടാകാം, അതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഒന്നാം പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ വിധി പറയാൻ കോടതി മാറ്റി.
നിലവിലെ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം, രണ്ട് സ്ത്രീകൾ ഇയാൾക്കെതിരെ ബലാത്സംഗാരോപണങ്ങളുന്നയിച്ച് രണ്ട് പരാതികൾ കൂടി നൽകിയിട്ടുണ്ട്. ഇതൊരു ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചതോടെയാണ് കോടതി ചില പരാമർശങ്ങൾ നടത്തിയത്. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എഫ്ഐആറുകൾ മുൻകാല ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കാൻ ആകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എല്ലാ കേസുകളും എഫ്ഐആർ ഘട്ടത്തിലാണല്ലേയെന്ന് ചോദിച്ച ഹൈക്കോടതി ഒരു കേസിൽ പോലും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. നിയമപരമായ നടപടിക്രമം അനുസരിച്ച് പരാതി രജിസ്റ്റർ ചെയ്യുന്നത് മാത്രം പോരാ. കുറഞ്ഞപക്ഷം അന്തിമ റിപ്പോർട്ടെങ്കിലും ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു.
ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു കുറ്റവാളിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഉഭയസമ്മതത്തോടെയാണ് താൻ ബന്ധത്തിലേർപ്പെട്ടത് എന്നതാണ് അയാളുടെ പ്രതിരോധമെന്നും വാദിച്ചു. ഒരാൾക്ക് ഉഭയസമ്മതത്തോടെ എത്ര ബന്ധങ്ങൾ വേണമെങ്കിലും സ്ഥാപിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും ഇക്കാരണത്താൽ ജാമ്യം നിഷേധിക്കാനാകില്ലെന്നും കോടതി മറുപടി നൽകി.
Kerala
കല്‍പ്പറ്റ: ഇസ്രയേലിലെ ജറുസലേമിനു സമീപം ജോലിസ്ഥലത്തു ദുരൂഹസാഹചര്യത്തില്‍ 2025 ജൂലൈ നാലിന് മരിച്ച നിലയില്‍ കണ്ട നെന്മേനി കോളിയാടി പെലക്കുത്ത് ജിനേഷിന്റെ(38) ഭാര്യ രേഷ്മ(34) പിന്നീട് ജീവനൊടുക്കിയതിന് ഉത്തരവാദികള്‍ ബത്തേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പലിശസംഘമാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇവര്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയതായി കമ്മിറ്റി ചെയര്മാന് നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഗംഗാധരന് ആത്താര്‍, കണ്‍വീനര്‍ എബി ജോസഫ്, ജോയിന്റ് കണ്‍വീനര്‍മാരായ യു.കെ. പ്രേമന്, ഖാദര്‍ മാടക്കര, കോണ്‍ഗ്രസ് നെന്മേനി മണ്ഡലം പ്രസിഡന്റ് കെ.കെ. പോള്‍സണ്‍, മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. മൊയ്തീന്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. പ്രദീപ്കുമാര്‍, രേഷ്മയുടെ കുടുംബാംഗങ്ങളായ ഷൈല, ബിന്ദു എന്നിവര്‍ പറഞ്ഞു.
നിവേദനം നൽകും
ഇസ്രയേലില്‍ ജിനീഷ് മരിക്കാനിടയായ സഹചര്യത്തില്‍ സമഗ്രാന്വേഷണത്തിനും സാമ്പത്തിക സഹായത്തിനും ഇടപെടുന്നതിനു പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കു നിവേദനം നല്‍കുമെന്ന് അവര്‍ അറിയിച്ചു.
10 വയസുള്ള പെണ്‍കുട്ടിയുടെ മാതാവായ രേഷ്മ കഴിഞ്ഞ മാസമാണ് ജീവനൊടുക്കിയത്. കോളിയാടിയില്‍ ഭര്‍ത്താവിന്റെ പേരില്‍ ആകെയുള്ള വീടും പത്തു സെന്റ് ഭൂമിയും പലിശസംഘം കൈവശപ്പെടുത്തുമെന്ന ഭീതിയാണ് രേഷ്മയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്.
ദുരൂഹ മരണം
ബത്തേരിയില്‍ ഫാമര്‍സിക്യൂട്ടിക്കല്‍ സ്ഥാപനം നടത്തിയിരുന്ന ജിനീഷ് 2021ല്‍ ബത്തേരി സ്വദേശികളില്‍നിന്നു 20 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ബ്ലാങ്ക് മുദ്രപ്പത്രങ്ങളും നാല് ചെക്ക് ലീഫും ഈടു നല്‍കിയാണ് വായ്പയെടുത്തത്. വായ്പയില്‍ 14 ലക്ഷത്തില്‍പരം രൂപ തിരികെ നല്‍കിയിരുന്നു. എന്നിട്ടും 40 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് പലിശസംഘം ജിനീഷിനെ ഭീഷണിപ്പെടുത്തുകയും ഒരുവട്ടം ആക്രമിക്കുകയും ചെയ്തു. ഇതുസംബന്ധിച്ചു ബത്തേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജിനീഷ് ഇസ്രയേലില്‍ ജോലിക്കു പോയത്. അവിടെ ഒരു വസതിയില്‍ വയോധികരെ പരിപാലിച്ചു വരുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ വയോധികയെ കുത്തേറ്റു മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.
ഭീഷണിപ്പെടുത്തി
ഭര്‍ത്താവിന്റെ വേര്‍പാടില്‍ മനംനൊന്തു കഴിയുകയായിരുന്ന രേഷ്മയെ പലിശസംഘം നിരന്തരം ഭീഷണിപ്പെടുത്തുകയും കോടതിയില്‍ ചെക്ക് കേസ് നല്‍കുകയും ചെയ്തിരുന്നു. ചെക്ക് കേസില്‍ കോടതിയില്‍നിന്ന് അറ്റാച്ച്മെന്റ് നോട്ടീസ് ലഭിച്ചതിനു പിന്നാലെയായിരുന്നു രേഷ്മയുടെ മരണം. പലിശസംഘത്തിന്റെ ഭീഷണി സംബന്ധിച്ചു രേഷ്മ നല്കിയ പരാതി ബത്തേരി പോലീസ് ഒതുക്കിത്തീര്‍ത്തെന്നും ആരോപണമുണ്ട്.
പലിശസംഘത്തിനെതിരേ നടപടി സ്വീകരിക്കുന്നതിലും ജിനീഷ്-രേഷ്മ ദമ്പതികളുടെ കുട്ടിക്കു നീതി ഉറപ്പുവരുത്തുന്നതിനും സാധ്യമായ എല്ലാ ഇടപെടലും നടത്താനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനം. ബത്തേരിയിലെ പലിശസംഘത്തിന്റെ വലയില്‍ കുടുങ്ങിയ വേറെയും ആളുകള്‍ ഉണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
Kerala
അമ്പലപ്പുഴ: യുവാവിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച ശേഷം നിരവധി ഇഎംഐ അടയ്ക്കാനുണ്ടെന്നും ഉടൻ നൽകണമെന്നും പറഞ്ഞ് ഭീഷണി. പണം അടച്ചുതീർത്തില്ലെങ്കിൽ വാണ്ടഡ് പോസ്റ്റർ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് തെക്കേമുണ്ടക്കൽ അനൂപിനാണ് അജ്ഞാതരുടെ ഭീഷണി ലഭിച്ചത്. ഈ മാസം രണ്ടിനു യുവാവിന്റെ കനറാ ബാങ്ക് അക്കൗണ്ടിൽ 2100 രൂപ വീതം എത്തിയതായി കാണിച്ചു മൂന്നു മെസേജുകൾ ഫോണിൽ വന്നു.
അക്കൗണ്ട് പരിശോധിച്ച അനൂപ് തനിക്ക് ഇങ്ങനെ പണം ലഭിക്കേണ്ട സാഹചര്യമില്ലെന്നു മനസിലാക്കിയതിനെത്തുടർന്ന് ബാങ്കിലും അമ്പലപ്പുഴ പോലീസിലും പരാതി നൽകി.
പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽനിന്നാണ് പണം അക്കൗണ്ടിൽ വന്നതെന്നു പരിശോധനയിൽ വ്യക്തമായി. കഴിഞ്ഞ ദിവസം യുവാവിന്റെ വാട്സ് ആപ്പിലും തുടർന്ന് ഫോൺ ചെയ്തും നിരവധി ഇഎംഐയുടെ പണം അടയ്ക്കാനുണ്ടെന്നും പണമടച്ചില്ലെങ്കിൽ അനൂപിന്റെ ചിത്രം വച്ചു തയാറാക്കിയ വാണ്ടഡ് എന്ന പോസ്റ്റർ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
പിന്നാലെ ഈ ചിത്രവും അയച്ചു നൽകി. പോലീസ് തയാറാക്കുന്ന തരത്തിലാണ് വാണ്ടഡ് പോസ്റ്റർ തയാറാക്കിയത്. പണമടച്ചില്ലെങ്കിൽ ഇതു നിരവധി പേർക്കും ഗ്രൂപ്പുകളിലും അയച്ചു നൽകുമെന്നും ഭീഷണിപ്പെടുത്തി. അനൂപ് ഇതു സംബന്ധിച്ച് വീണ്ടും അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
Kerala
പത്തനംതിട്ട: പ്രണയിനിയെ സ്വന്തമാക്കാന്‍ വാഹനാപകടമുണ്ടാക്കി രക്ഷകനായെത്തിയ കാമുകനും സുഹൃത്തും കുടുങ്ങിയത് യുവതിയുടെയും പോലീസിന്റെയും സംശയത്തിൽ.
കോന്നി മാമ്മൂട് സ്വദേശിയായ രാജിഭവനില്‍ രഞ്ജിത്ത് രാജന് (24), കോന്നിതാഴം പയ്യനാമണ്‍ സ്വദേശിയായ താഴത്ത്പറമ്പില്‍ വീട്ടില്‍ അജാസ് (19) എന്നിവരാണ് വധശ്രമക്കേസിൽ അറസ്റ്റിലായത്.
ഒന്നാം പ്രതിയുടെ പ്രണയിനിയായിരുന്ന യുവതിയും യുവാവുമായി ചെറിയ പിണക്കത്തിലായിരുന്നു. ഈ പിണക്കം മാറ്റി യുവതിയുടെ പ്രീതി പിടിച്ചുപറ്റാനാണ് രഞ്ജിത് സുഹൃത്തായ അജാസുമായി കൂടിയാലോചന നടത്തിയത്.
യുവതിയെ വാഹനാപകടത്തിൽപ്പെടുത്തിയ ശേഷം രക്ഷിക്കാൻ ഇടപെടുകയും അതുവഴി യുവതിയുടെ അനുകമ്പ പിടിച്ചുപറ്റുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ഇടിച്ച വാഹനം നിർത്താതെ കൊണ്ടുപോയതോടെയാണ് പദ്ധതി പാളിയത്.
കഥ പൊളിഞ്ഞപ്പോൾ
യുവതി നിർത്താതെ പോയ വാഹനത്തിനെതിരേ പരാതി നൽകിയതോടെ കാമുകനും കൂട്ടുകാരനും പെട്ടു. പോലീസിനും തോന്നിയ സംശയത്തിൽ അന്വേഷണം മുറുകി.
വാഹനാപകടത്തില്പെടുത്തിയ ശേഷം അപകടസ്ഥലത്ത് രക്ഷകനായെത്തി യുവതിയുടെ കുടുംബത്തിന്റെ പ്രതീ പിടിച്ചുപറ്റി യുവതിയെ സ്വന്തമാക്കുന്നതിനു വേണ്ടി പ്രതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ അപകടമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കഴിഞ്ഞ ഡിസംബര്‍ 23 ന് വൈകുന്നേരം 5.30 ഓടെ കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് അടൂരില്‍നിന്നു സ്കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം അജാസ് കാറില്‍ പിന്തുടരുകയും വാഴമുട്ടം ഈസ്റ്റില്‍ സ്കൂട്ടറിന്റെ പിന്നിലിടിച്ചു വീഴ്ത്തിയ ശേഷം വണ്ടി നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു.
പിന്നാലെ ഇന്നോവ കാറില്‍ സ്ഥലത്തേക്ക് എത്തിയ രഞ്ജിത് യുവതിയുടെ ഭര്‍ത്താവാണെന്ന് അപകടസ്ഥലത്തെത്തിയ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ച ശേഷം യുവതിയെ കാറില്‍ കയറ്റി കോന്നി ബിലീവേഴ്സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നരഹത്യാക്കേസ്
സംഭവത്തില്‍ യുവതിയുടെ വലതുകൈക്കുഴയ്ക്കു സ്ഥാനഭ്രംശവും ചെറുവിരലിനു പൊട്ടലും ശരീരത്തിന്റെ പലഭാഗത്തും ഉരവും മുറിവും പറ്റിയിരുന്നു. യുവതിയുടെ മൊഴി പ്രകാരം സംഭവത്തിനു വാഹനാപകടക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവത്തിന്റെ ചുരുള്‍ അഴിയുന്നത്.
കൃത്യസമയത്ത് രക്ഷകനായി കാമുകൻ സ്ഥലത്ത് എത്തിയതും പോലീസിനു സംശയത്തിന് ഇട നൽകിയിരുന്നു. സിസിടിവികൾ പരിശോധിച്ച് ഇടിച്ച വാഹനം പോലീസ് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നു ചോദ്യം ചെയ്യൽ നടന്നതോടെ കഥ പുറത്തുവന്നു. നരഹത്യാശ്രമത്തിനുള്ള വകുപ്പ് ചേര്‍ക്കുകയായിരുന്നു. യുവതിയുടെയും കുടുംബത്തിന്റെയും സ്നേഹം പിടിച്ചുപറ്റാൻ നടത്തിയ നാടകം ഇപ്പോൾ കാമകനു വൻ നാണക്കേടായി ഭവിച്ചിരിക്കുകയാണ്.
പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ അലക്സ്കുട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നത്.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ പ്രതികരണവുമായി ആന്റണി രാജു എംഎൽഎ. താൻ നിരപരാധിയാണ്. രാഷ്ട്രീയ പ്രേരിതമായ കേസാണിത്. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയത്. ഒരിക്കൽപ്പോലും കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. 2005ൽ പൊടുന്നനെയാണ് തനിക്കെതിരെ കേസ് വന്നത്.
ഇതിനു പിന്നിൽ രാഷ്ട്രീയ കളികളുണ്ടെന്നും എംഎൽഎ പറഞ്ഞു. ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ മാറ്റംവരുത്തിയ കേസിൽ ആന്റണി രാജുവും മുൻ കോടതി ക്ലർക്കായ ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
National
ബംഗളൂരു: മൈസൂരു പാലസിനുമുന്നിൽ ബലൂണിൽ നിറയ്ക്കുന്ന വാതകം നിറച്ച സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു മരിക്കാനിടയായ സംഭവം എൻഐഎ അന്വേഷിക്കും. സിലിണ്ടർ കൊണ്ടുവന്ന ഉത്തർപ്രദേശ് സ്വദേശി സലിം ഉൾപ്പെടെ രണ്ടു പേരാണു മരിച്ചത്.
24 ന് വൈകുന്നേരമുണ്ടായ സ്ഫോടനത്തിൽ നാലു പേർക്ക് പരിക്കേറ്റിരുന്നു. സലിമിനൊപ്പം ലഷ്കർ മൊഹല്ലയിൽ താമസിച്ചുവന്ന രണ്ടുപേരെ എൻഐഎ ഇന്നലെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
വ്യാപാരമേളകളിലും മറ്റും എത്തുന്ന ഇക്കൂട്ടരെ പരിശോധിക്കാൻ നിലവിൽ സംവിധാനങ്ങളൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. കൂടുതൽ വിനോദസഞ്ചാരികളെത്തുന്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് രൂപരേഖ തയാറാക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ടെന്ന് പരമേശ്വര കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വൈറലായ പോറ്റിയേ കേറ്റിയേ എന്ന പാട്ടിൽ കൂടുതൽ നിയമ നടപടികൾ വേണ്ടെന്ന് സര്‍ക്കാര്‍. പാട്ടിനെതിരെ കേസ് എടുക്കേണ്ടെന്ന് എഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നൽകി.
സാമൂഹികമാധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. പാട്ട് നീക്കണമെന്ന് മെറ്റയോടും യുട്യൂബിനോടും പോലീസ് നിർദേശിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.
പിന്നാലെ സംസ്ഥാനത്തുടനീളം പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതിലൊന്നും തുടര്‍നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. കേസ് കോടതിയിൽ ചെല്ലുമ്പോൾ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പിൻമാറിയത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിക്കെതിരേ പോലീസ് കേസെടുത്തു. അതിജീവിത നല്കിയ പരാതിയിലാണ് തൃശൂർ സൈബർ പോലീസിന്റെ നടപടി.
സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചാണ് അതിജീവിതയുടെ പരാതി. രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീഡിയോ പങ്കുവച്ചവർക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകൾ പോലീസിൽ ഹാജരാക്കി.
ഡിഐജി ഹരിശങ്കറിനാണ് നടി പരാതി നൽകിയത്. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിൽ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇതിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു.
അതേസമയം, മാർട്ടിൻ പുറത്തുവിട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചവരും കേസിൽ പ്രതികളാകുമെന്നാണ് സൂചന. ഇതിൽ 27 അക്കൗണ്ട് ഉടമകളെ ഇതിനോടകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റേതായി വീഡിയോ പുറത്തുവന്നത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാർട്ടിൻ വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം. നിലവിൽ കേസിലെ പ്രതിയായ മാർട്ടിൻ വിയ്യൂർ ജയിലിൽ ശിക്ഷാതടവുകാരനാണ്.
Kerala
പത്തനംതിട്ട: കൂട്ടബലാത്സംഗ കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതി മൂന്നു വർഷത്തിനു ശേഷം പോലീസ് പിടിയിൽ.
കൊലപാതക ശ്രമം, പിടിച്ചുപറി,സ്ത്രീപീഡനം തുടങ്ങിയ വിവിധ കേസുകളിൽ പ്രതിയായ നൂറനാട് പാലമേൽ കുളത്തും മേലേതിൽ കൊച്ചുതറയിൽ വീട്ടിൽ ആർ. മനോജ്(35) ആണ് പിടിയിലായത്.
2015 കാലയളവ് മുതൽ വിവിധ കോടതികളിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് കാരേക്കുടി ഭാഗത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.
2022 ലാണ് കേസിനാസ്പദമായ സംഭവം. ഈ കേസിൽ മൊത്തം അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നു പേരെ അതിവേഗ കോടതി മുൻപ് ശിക്ഷിച്ചിരുന്നു. ഇവർ ഇപ്പോഴും ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ്.
ഒരാളെ കോടതി വെറുതെ വിട്ടു. എന്നാൽ മനോജിനെ പോലീസിന് പിടികൂടാൻ സാധിച്ചില്ല. ഒളിവിൽ പോയ ശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ പോലും ഉപേക്ഷിച്ചിരുന്നു.
ഒളിവിൽ കഴിഞ്ഞ സമയം നാട്ടിൽ ആരെയും വിളിക്കാൻ ശ്രമിച്ചതുമില്ല. തുടർന്ന് പോലീസ് നിരന്തരമായ അന്വേഷണത്തിന് ഒടുവിൽ തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം ലഭിച്ചു.
ഗുണ്ടാലിസ്റ്റിൽ പെട്ട തമിഴ്നാട് സ്വദേശിയുടെ വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഇവിടെ താമസിച്ച് വെൽഡിംഗ് ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. ഇതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പി. ആനന്ദ് കാരേക്കുടി എഎസ്പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം തേടി.
തുടർന്ന് അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മനോജ് താമസിച്ച വീട് കണ്ടെത്തി. എന്നാൽ പോലീസിനെ കണ്ട മനോജ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
എസ്ഐ സുരേഷ് ബാബു, എഎസ്ഐ കെ.ഗോപകുമാർ,സിപിഒ അമീഷ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. ഒട്ടേറെ കേസുകളിൽ മനോജ് പ്രതിയാണെങ്കിലും പോലീസിന്റെ വലയിൽ അകപ്പെടുന്നത് ആദ്യമായിട്ടാണെന്ന് അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാർ പറഞ്ഞു
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം ഉൾപ്പടെ കൈമാറിയെന്നാണ് സൂചന. പരാതി ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യുവതിയെ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന രാഹുലിന്റേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസവും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ആദ്യം പുറത്തുവന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.
അഞ്ചുപേർ ഇ മെയിൽ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നൽകിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. അതിനാൽ അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. യുവതി ഇതുവരെ മൊഴി നൽകുകയോ പരാതി നൽകുകയോ ചെയ്തിരുന്നില്ല.
എന്നാൽ ഇപ്പോൾ യുവതിതന്നെ നേരിട്ട് പരാതി നൽകിയിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സജൻ പരാതി നൽകിയിരുന്നു.
വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ ആവശ്യം.
Kerala
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ.ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.സ്വരാജ് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. കെ. ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയെന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജിന്റെ ആരോപണം.
എന്നാൽ ബാബുവിന്റെ വിജയം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിന് എതിരെയാണ് സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചത്. സ്വരാജിന്റെ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചെങ്കിലും വാദം കേൾക്കൽ ആരംഭിച്ചിരുന്നില്ല. ഹർജി അപ്രസക്തമായെന്നും അതിനാൽ പിൻവലിക്കുകയാണെന്നും സ്വരാജ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
തുടർന്നാണ് ഹർജി പിൻവലിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്. ഇതോടെ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ അവസാനിച്ചു.
Kerala
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിലെ പ്രാരംഭ വാദം ഡിസംബര്‍ മൂന്നിന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിചാരണ നടപടികള്‍ക്കായി കേസ് പരിഗണിക്കുന്നത്
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. 2018 സെപ്റ്റംബര്‍ 26ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിൽ കാമ്പസ് ഫ്രണ്ട് - പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പതിനാറ് പേരാണ് പ്രതികൾ.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. കേസിന്റെ വിചാരണ വൈകുന്നതിനെതിരേ അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് ഹൈക്കോടതി വിചാരണക്കോടതിയോട് റിപ്പോർട്ടു തേടിയിരുന്നു. വിചാരണ നവംബറിനകം പൂർത്തിയാക്കുമെന്ന് വിചാരണക്കോടതി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Kerala
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാക്കി. കേസിലെ 15-ാം പ്രതിയായ ഷിജിന് മോഹനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കിയത്.
2012 ഫെബ്രുവരി 20നാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ നടപടികള്‍ കഴിഞ്ഞ മേയിലാണ് ആരംഭിച്ചത്. 33 പ്രതികളുള്ള കേസില്‍ സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും പ്രതികളാണ്.
എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിവച്ച ശേഷമാണ് കൊലപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: പ്രസവത്തിനു പിന്നാലെ യുവതി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മരിച്ച ശിവപ്രിയയുടെ സഹോദരൻ ശിവപ്രസാദിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പോലീസാണ് കേസെടുത്തത്.
എസ്എടി ആശുപത്രിയിലെ അധികൃതരുടെയടക്കം മൊഴി രേഖപ്പെടുത്തും. കരിക്കകം സ്വദേശിനിയായ യുവതിയുടെ മരണം എസ്എടി ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവിനെ തുടർന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
പ്രസവശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ യുവതിക്ക് മൂന്ന് ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എസ്എടിയിൽ വീണ്ടും അഡ്മിറ്റ് ചെയ്തു. എന്നാൽ ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.
Kerala
കോട്ടയം: ആഭിചാരത്തിന്റെ പേരിൽ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഭർത്താവ് ഉൾപ്പടെ മൂന്നുപേർ പിടിയിൽ. കഴിഞ്ഞ രണ്ടിന് നടന്ന സംഭവത്തിൽ യുവതിയുടെ ഭർത്താവും മണർകാട് സ്വദേശിയുമായ അഖിൽദാസ്, പിതാവ് ദാസ്, പത്തനംതിട്ട സ്വദേശി ശിവദാസ് എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
ദുരാത്മാക്കൾ യുവതിയുടെ ദേഹത്ത് കയറിയെന്ന് ആരോപിച്ചായിരുന്നു ആഭിചാരക്രിയ. അഖിൽദാസിന്റെയും യുവതിയുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും വീട്ടിൽ കഴിയവെ അഖിലിന്റെ അമ്മയാണ് യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കയറിയിട്ടുണ്ടെന്ന് പറഞ്ഞത്.
പിന്നാലെ യുവാവിന്റെ അമ്മ തന്നെയാണ് ആഭിചാരക്രിയക്കായി ആളെ വിളിച്ചുവരുത്തിയത്. രണ്ടാം തീയതി രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയായിരുന്നു പീഡനം. യുവതിക്ക് മദ്യം നൽകുകയും വായിൽ ഭസ്മം കുത്തിനിറയ്ക്കുകയും ദേഹം പൊള്ളിക്കുകയും ചെയ്തു.
പിന്നാലെ യുവതിയുടെ മനോനിലയിൽ വന്ന പ്രശ്നങ്ങൾ ശ്രദ്ധിച്ച പിതാവാണ് പോലീസിൽ പരാതി നൽകിയത്.അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പോലീസ് പരിശോധിക്കും.
അങ്കമാലി കറുകുറ്റിയിൽ ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുറിവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്.
National
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തുപേർ മരിച്ച സംഭവത്തിൽ ക്ഷേത്ര ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. കാസിബുഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്ര ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെ നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തത്.
ക്ഷേത്രം നിര്‍മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുൻകൂര്‍ അനുമതിയില്ലാതെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ആന്ധ്രാ സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണവും ഇന്ന് മുതൽ ആരംഭിക്കും. ഉൾക്കൊള്ളാവുന്നതിന്റെ എട്ട് മടങ്ങിലേറെ ആളുകൾ ദർശനത്തിന് എത്തിയതാണ് ദുരന്തത്തിന് വഴിവച്ചത്.
ദുരന്തത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മരിച്ചവരിൽ സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടും.
Kerala
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷർഷാദ് റിമാൻഡിൽ. എറണാകുളം എസിജെഎം കോടതിയാണ് ഷർഷാദിനെ റിമാൻഡ് ചെയ്തത്.
ഷർഷാദിനെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഇതിനായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കൊച്ചി സ്വദേശികളിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് കൊച്ചി സൗത്ത് ഷർഷാദിനെ അറസ്റ്റു ചെയ്തത്.
പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ഉയർന്ന ലാഭവിഹിതവും ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ഓഗസ്റ്റിൽ കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നിലവിൽ അറസ്റ്റ്. കൂടുതൽ പരാതിക്കാരുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. കമ്പനിയുടെ സഹസ്ഥാപകനായ ചെന്നൈ സ്വദേശി ശരവണനായും പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
തിരുവനന്തപുരം: അടിമാലിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, ഹസാഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഭൂജലവകുപ്പ് ജില്ലാ ഓഫീസർ, തഹസിൽദാർ എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തെ ജില്ലാ കളക്ടർ അന്വേഷണത്തിനായി നിയോഗിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ദേശീയപാതാ അഥോറിറ്റിയുടെ നിർമാണ പ്രവർത്തനങ്ങളിൽ പിഴവുണ്ടായെന്ന ആരോപണത്തിന്റെ അന്വേഷണം നടത്തണം. ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച് അപകടം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം.
വിദഗ്ധ സംഘം സമർപ്പിക്കുന്ന ശിപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തയാറാക്കി ഒരു മാസത്തിനുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണം. എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം.
ദുരന്തനിവാരണ ചുമതലയുള്ള ഡപ്യൂട്ടി കളക്ടർ (ദേശീയപാതാ വിഭാഗം (മൂവാറ്റുപുഴ), പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ തുടങ്ങിയവർ ഡിസംബറിൽ തൊടുപുഴ റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
Kerala
ആലപ്പുഴ: സിപിഎം നേതാവ് ജി.സുധാകരനെതിരായ സൈബർ ആക്രമണത്തിൽ പോലീസ് കേസെടുത്തു. പുന്നപ്ര പോലീസാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് ജി.സുധാകരൻ അയച്ചതെന്ന പേരിൽ ഒരു വ്യാജ കവിത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിനെതിരെ ജി.സുധാകരൻ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്റെ പേരിൽ വ്യാജ കവിത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് ജി.സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാജ കവിത പ്രചരിപ്പിച്ചവരുടെ വിശദമായ മൊഴി എടുക്കും. അന്വേഷണം ആരംഭിച്ചെന്നും നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Kerala
വടക്കാഞ്ചേരി: മരുമകൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചുവെന്ന പരാതിയുമായി ഭർതൃമാതാവ്. എങ്കക്കാട് ചെറുപ്പാറ വീട്ടിൽ സരസ്വതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 81കാരിയായ സരസ്വതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മകൻ സനൽ കുമാറിന്റെ ഭാര്യ അനു (38)വിനെതിരേയാണ് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയത്. വീട്ടിൽ വന്ന് മുഖത്തേക്ക് നാലുതവണ പെപ്പർ സ്പ്രേ അടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തടയാൻ ശ്രമിച്ച മകൻ പ്രദീപ് കുമാറിന്റെ വലത് കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു.
സനൽ കുമാർ വിവാഹം കഴിഞ്ഞ് ഭാര്യവീട്ടിലാണ് താമസം. അനുവുമായി വഴക്കിട്ട് ഇടയ്ക്കിടെ സനൽ അഅമ്മയോടൊപ്പം താമസിക്കാനെത്താറുണ്ട്. ഇതിന്റെ വിരോധത്തിലാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചതെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: ബധിരയും മൂകയുമായ വയോധികയെ അയൽവാസി വീട് കയറി ആക്രമിച്ചു. തിരുവനന്തപുരം പുലയനാർ കോട്ടയിലാണ് സംഭവം.
ഗിരിജാ ദേവിക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
അതിർത്തി തർക്കമാണ് വീട്ടിൽ കയറി ആക്രമിക്കാൻ കാരണമെന്ന് വീട്ടുകാർ പറയുന്നു. വയോധിക വീട്ടില്‍ ഒറ്റയ്ക്ക് ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Kerala
പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് കൊള്ളനടന്നിരിക്കുന്നത്. എസ്ഐടി അന്വേഷണം പ്രഹസനമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
റാന്നിയിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ്ഐടി അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ കൂടിക്കാഴ്ച നടത്തി.
മന്ത്രിമാരെയും ദേവസ്വം ബോർഡ് പ്രസിഡന്റുമാരെയും സംരക്ഷിക്കാനുള്ള നീക്കമാണ് എസ്ഐടി നടത്തുന്നത്. അതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം. ഈക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
Kerala
തിരുവനന്തപുരം: ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചക്കേസിൽ അറസ്റ്റിലായ പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു. ഇന്ന് നടത്തിയ തിരിച്ചറിയൽ പരേഡിലാണ് തമിഴ്നാട് സ്വദേശിയായ ബെഞ്ചമിനെ യുവതി തിരിച്ചറിഞ്ഞത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് കഴക്കൂട്ടത്ത് യുവതി താമസിക്കുന്ന ഹോസ്റ്റൽ മുറിയിൽ കയറി ഇയാൾ അതിക്രമം നടത്തിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
യുവതിയെ ഉപദ്രവിച്ച ശേഷം പ്രതി ആറ്റിങ്ങല്‍ ഭാഗത്തേയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് മധുരയിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ മധുരയില്‍നിന്നാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്ത്രീകളെ ഉപദ്രവിക്കുന്നതാണ് ഇയാളുടെ സ്ഥിരം രീതിയെന്നും പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കഴക്കൂട്ടത്തെ ഹോസ്റ്റലിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശക്കാരനെന്ന് സൂചന. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകൾ എസ്ഐടി സംഘത്തിന് ലഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ആധാരങ്ങൾ കണ്ടെത്തി. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു.
2020നുശേഷമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയത്. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്റെയും പേരിലേക്ക് മാറ്റിയത്.
ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച പരിശോധന അർധരാത്രി പന്ത്രണ്ടരവരെ നീണ്ടു. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
Kerala
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ ഒരു പ്രതിക്കുകൂടി സർക്കാർ പരോൾ അനുവദിച്ചു. പതിനഞ്ചാം പ്രതി കല്യോട്ട് സ്വദേശി വിഷ്ണു സുരേന്ദ്രനാണു (സുര) പരോൾ അനുവദിച്ചത്.
ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണു പരോൾ. കഴിഞ്ഞയാഴ്ച പത്താം പ്രതി രഞ്ജിത്തിനും പരോൾ ലഭിച്ചിരുന്നു. ഇനി കേസിൽ ശിക്ഷിക്കപ്പെട്ട കണ്ണൂർ ചപ്പാരപ്പടവ് സ്വദേശി സുരേഷിന് മാത്രമാണ് പരോൾ ലഭിക്കാൻ ബാക്കിയുള്ളത്.
ഇയാളുടെ അപേക്ഷയും പരിഗണനയിലാണ്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, മറ്റു പ്രതികളായ അശ്വിൻ, ഗിജിൻ, ശ്രീരാഗ്, രഞ്ജിത്, സജു എന്നിവരും പരോളിലാണ്. അനിൽ കുമാർ, സുധീഷ് എന്നിവർ പരോൾ കാലാവധി കഴിഞ്ഞ് തിരിച്ചു ജയിലിലേക്കു പോയി.
പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 2019 ഫെബ്രുവരി 17നാണു പെരിയ കല്യോട്ട് ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി മോഷണത്തിൽ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട കാര്യമില്ല. അന്വേഷണത്തെ എതെങ്കിലും വിധത്തിൽ ബാധിക്കുന്ന ഒരു പരാമർശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. അന്വേഷണം കഴിഞ്ഞ് ആരൊക്കെ ജയിലിൽ പോകുമെന്ന് അപ്പോൾ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തിൽ എൻഎസ്എസിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ലഭ്യമാക്കാൻ നിയമനടപടി സ്വീകരിക്കും. സുപ്രീംകോടതി അനുമതിയോടെ അതു നടപ്പാക്കും.
എല്ലാവരുടെയും ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തിൽ ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ മന്ത്രിസഭ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: ഫേസ്ബുക്കിൽ കമന്റിട്ടതിന്റെ പേരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. ഒറ്റപ്പാലം വാണിയംകുളം പനയൂർ സ്വദേശി വിനേഷിന് മർദനമേറ്റ കേസിൽ സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് കോഴിക്കോട്ടു നിന്ന് പിടിയിലായത്.
സുർജിത്ത് ഡിവൈഎഫ്ഐ കൂനത്തറ മേഖലാ സെക്രട്ടറിയും ഹാരിസ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. കോയമ്പത്തൂർ - മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ വന്ന് ഇറങ്ങിയപ്പോഴാണ് മൂന്നുപേരും പിടിയിലായത്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടേറിയറ്റ് അംഗമാണ് വിനേഷ്. ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി സി.രാകേഷിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും രാകേഷ് ഉൾപ്പടെ മൂന്നുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.
രാകേഷിട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. എന്നാൽ സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
Kerala
കൊച്ചി: മാസപ്പടിക്കേസിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോയ മാത്യു കുഴല്നാടൻ എംഎൽഎയുടെ നീക്കം സംശയകരമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടന്നത് നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ കോടതിയും ഹൈക്കോടതിയും വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയില്ലെന്ന് കണ്ടെത്തി തള്ളിയതിനുശേഷമാണ് കുഴല്നാടന് സുപ്രീംകോടതിയെ സമീപിക്കുന്നത്. അതും ഹൈക്കോടതി കേസ് തള്ളി മാസങ്ങള്‍ക്ക് ശേഷം. ഇത് സംശയത്തിന് ഇട നല്‍കുന്നതാണ്.
രണ്ട് സ്വകാര്യ കമ്പനികള്‍ നടത്തിയ അഴിമതി കമ്പനി ആക്ട് പ്രകാരമാണ് അന്വേഷിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി താൻ നൽകിയ പരാതിയിലും കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം പരിഗണിച്ചും കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം നേരിട്ടാണ് എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്.
എസ്എഫ്ഐഒയുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. അതിനുശേഷം വീണ്ടും എന്തിനാണ് വിജിലന്‍സ് അന്വേഷണം എന്ന പ്രഹസനം സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് നേതാവ് കാട്ടിയതെന്ന് മനസിലാകുന്നില്ലെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
National
ന്യൂഡൽഹി: മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് കുഴൽനാടന്റെ പരാതി പരിഗണിക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ തുടങ്ങിയവർക്കെതിരേ വിജിലൻസ് അന്വേഷണം വേണമെന്ന മാത്യു കുഴൽനാടന്റെ ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കരിമണൽ കന്പനിയായ സിഎംആർഎല്ലിൽനിന്ന് മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് കന്പനി കോടികൾ കൈപ്പറ്റിയെന്നാണു ഹർജിയിലെ ആരോപണം. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
National
ഗുവാഹത്തി: ഗായകനും സംഗീതജ്ഞനുമായ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. മാനേജരും പരിപാടിയുടെ സംഘാടകനും ചേർന്ന് സുബീന്‍ വിഷം നൽകിയതാവാമെന്ന് സഹപ്രവർത്തകൻ മൊഴി നൽകിയതാണ് കേസിൽ വഴിത്തിരിവായത്.
നിലവിൽ സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർഥ് ശർമ്മയ്ക്കും സംഘാടകൻ ശ്യാംകാനു മഹന്തയ്ക്കും എതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്. ഗാർഗിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ അസം സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ സൗമിത്ര സൈകിയ അധ്യക്ഷനായ സംഘമായിരിക്കും അന്വേഷണം നടത്തുക. കേസ് ഇപ്പോൾ ഇഡിയും ഇൻകം ടാക്സ് വിഭാഗവും ഉൾപ്പെടെയുള്ള ഉന്നത ഏജൻസികളാണ് അന്വേഷിക്കുന്നത്.
National
ലക്നോ: മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. യുപിയിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ സീമയും കാമുകൻ യതേന്ദ്രയുമാണ് അറസ്റ്റിലായത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മറ്റൊരാളെ കേസിൽ കുടുക്കാൻ ഇവർ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
സമീപവാസിയായ വീട്ടമ്മ തന്റെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സീമ നരോറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സീമയും കാമുകൻ യതേന്ദ്രയും പിടിയിലായത്. മുന്നോട്ടുള്ള ജീവിതത്തിൽ കുട്ടി തടസമാകുമെന്ന് കരുതിയാണ് കൊല നടത്തിയതെന്ന് ഇവർ പോലീസിൽ മൊഴി നൽകി.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നരോരയിലെ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സീമയും കാമുകനും സ്റ്റേഷനിൽ പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുപ്പ് ആരംഭിച്ച് അന്വേഷണ സംഘം. പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിന്റോയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നത്.
ആറു പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിരിക്കുന്നത്. രാഹുലിനെതിരായ വെളിപ്പെടുത്തലുകളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തിൽ വിവിധ സ്റ്റേഷനുകളിൽ എത്തിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം, ലൈംഗിക ആരോപണ കേസുകളിൽ യുവതികളിൽ നിന്ന് നേരിട്ട് പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ ശബ്ദരേഖകളുടെ ആധികാരികത പരിശോധിച്ച് അവരെ സമീപിച്ച് മൊഴിയെടുക്കാനും തീരുമാനമുണ്ട്.
Kerala
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിന് ആശ്വാസം. കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹോക്കോടതി സ്റ്റേ ചെയ്തു.
വിജിലൻസ് കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എം.ആർ. അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് എ.ബദറുദീന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നടപടി ക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സല്യൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥന് എങ്ങനെ അജിത് കുമാറിനെ ചോദ്യം ചെയ്യും എന്ന് ചോദിച്ച കോടതി, വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും പറഞ്ഞു. എഡിജിപിക്കെതിരായ കേസ് ജൂനിയര്‍ ഉദ്യോഗസ്ഥന് അന്വേഷിക്കുന്നത് സുതാര്യ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എന്നാല്‍ അന്വേഷണം നടത്തിയത് വിജിലന്‍സ് ഡിവൈഎസ്പിയാണെന്നും എസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസ് നിലനില്‍ക്കുമെന്ന വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എഡിജിപി എം.ആര്. അജിത് കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ കക്ഷി ചേര്‍ന്നിരുന്നു.
Kerala
തൊടുപുഴ: ഇടുക്കിയിൽ മുതിർന്ന സിപിഎം നേതാവിനെ മകൻ ക്രൂരമായി മർദിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി ആണ്ടവർക്കാണ്(84) ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തിൽ മകൻ മണികണ്ഠനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
പിതാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട മണികണ്ഠൻ, ടേബിൾ ഫാനും ഫ്ലാസ്കും ഉപയോഗിച്ച് ആണ്ടവരെ മർദിയ്ക്കുകയായിരുന്നു. സംഭവ സമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. ആണ്ടവരുടെ തലയിലും മുഖത്തും അടിയേറ്റു.
സാരമായി പരിക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കൽ കോളജിലും തുടർന്ന് മധുര മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
മണികണ്ഠനെ രാജാക്കാട് പോലിസാണ് കസ്റ്റഡിയിൽ എടുത്തത്. രാജകുമാരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ദീർഘ കാലം സിപിഎം രാജാക്കാട് ഏരിയ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ച ആളാണ് ആണ്ടവർ.
Kerala
കൊച്ചി: റാപ്പർ വേടനെതിരെ വീണ്ടും ലൈംഗീകാരോപണ പരാതി. ഗവേഷക വിദ്യാർഥിയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
2020ൽ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് പോലീസ് വേടനെതിരെ കേസെടുത്തത്.
സംഗീത ഗവേഷണത്തിന്റെ പേരിൽ വേടനുമായി ഫോണിലൂടെ ബന്ധപ്പെട്ടുവെന്നും ഫ്ലാറ്റിലേക്ക് വരാൻ പറഞ്ഞ വേടൻ അവിടെ വച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ആ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറയുന്നു.
ലൈംഗീകാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പദപ്രയോഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. യുവതിയുടെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പരാതിക്കാരി കേരളത്തിന് പുറത്താണുള്ളത്. മൊഴിയെടുക്കാൻ സൗകര്യപ്രദമായ സ്ഥലമോ തീയതിയോ അറിയിക്കണമെന്ന് പരാതിക്കാരിയോട് സെൻട്രൽ പോലീസ് ആവശ്യപ്പെട്ടു. വേടനെതിരായ മറ്റൊരു ബലാത്സംഗ പരാതി കേസിൽ ഹൈകോടതിയിൽ വാദം പൂർത്തിയായിട്ടുണ്ട്. ഈ മാസം 27ന് വിധി പറയും.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതജീവിതം പേറുന്ന ഹർഷിന വീണ്ടും സമരത്തിലേക്ക്. തനിക്കുനീതി നേടിത്തരാൻ സർക്കാരിനു സാധിച്ചില്ലെന്ന് ഹർഷിന ആരോപിച്ചു.
ഈ മാസം 29ന് കളക്ട്രേറ്റിനു മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തും. 2017ൽ മൂന്നാമത്തെ പ്രസവത്തിനായി നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ ഡോക്ടർമാർ കത്രിക മറന്നുവച്ചത്.
തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയപ്പോൾ നടത്തിയ പരിശോധനയിൽ വയറ്റിൽ കത്രിക കണ്ടെത്തി. 1,736 ദിവസം കൊടിയ വേദനസഹിച്ചു ഹർഷിന. സംഭവത്തിൽ ശാസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും ഉൾപ്പെടെ നാലുപേരെ പ്രതി ചേർത്ത് മെഡിക്കൽ കോളജ് പോലീസ് 2023ൽ കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
2024 ജൂലൈ 20ന് വിചാരണ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും വിചാരണയ്ക്ക് സ്റ്റേ നേടിയെടുക്കുകയും ചെയ്തു. നേരത്തേയും ഹർഷിന സമരം നടത്തിയിരുന്നു. പക്ഷേ നീതി ലഭിച്ചില്ല.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാം തനിക്കൊപ്പം ആണെന്ന് പറയുമ്പോഴും നീതി ലഭിച്ചില്ലെന്ന് ഹർഷിന പറയുന്നു. തന്റെ സമരത്തിനു പിന്നിൽ രാഷ്ട്രീയമില്ല. തന്റെ വേദനയ്ക്കും നഷ്ടങ്ങൾക്കും പരിഹാരം മാത്രമാണ് തേടുന്നത്. അത് വൈകുന്നതിൽ സങ്കടമുണ്ടെന്നും നീതി ലഭിക്കുംവരെ സമരം തുടരുമെന്നും ഹർഷിന വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂരില്‍ അസഭ്യം പറഞ്ഞതിലെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. വെണ്ണിയൂർ നെല്ലിവിള സ്വദേശിനി രാജത്തിനെയാണ് (54) പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
വണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷ(18) ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. രാജത്തിന്റെ മകൻ രണ്ടാമത് വിവാഹം കഴിച്ചിരുന്നു.
ഇതറിഞ്ഞ് ആദ്യ ഭാര്യ രാജത്തിന്റെ വീട്ടിലെത്തി. അനുഷയുടെ വീട്ടുവളപ്പിലൂടെയാണ് അവർ എത്തിയത്. ഇതിന്റെ പേരിലാണ് രാജം അനുഷയെ അസഭ്യം പറഞ്ഞത്. ഇതിൽ മനംനൊന്ത് അനുഷ ജീവനൊടുക്കുകയായിരുന്നു.
Kerala
കണ്ണൂര്‍: പഠിപ്പുമുടക്ക് സമരത്തിനിടെ പാചകതൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. പേരാവൂര്‍ പോലീസാണ് കേസെടുത്തത്.
മണത്തണ ഗവ.സ്കൂളിലെ പാചകതൊഴിലാളി വസന്തയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. വ്യാഴാഴ്ചയാണ് സംഭവം. പഠിപ്പുമുടക്ക് സമരമായതിനാല്‍ ഉച്ചഭക്ഷണം വയ്ക്കരുതെന്ന് പറഞ്ഞായിരുന്നു. കൈയറ്റം. അടുപ്പത്തേയ്ക്ക് ഇട്ട അരി പ്രവര്‍ത്തകര്‍ തട്ടിതെറുപ്പിച്ചതോടെ വസന്തയുടെ കാലിന് പൊള്ളലേറ്റിരുന്നു.